രാജപുരം: ഉരുള്‍പൊട്ടല്‍ മഴക്കെടുതി ഭീഷണിയെ തുടര്‍ന്ന് ചുള്ളിക്കര ഗവ.എല്‍പി സ്കൂളില്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ച മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ കുടുംബങ്ങളെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഇടപെട്ട് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായി.
13 കുടുംബങ്ങളില്‍ അഞ്ചു കുടുംബങ്ങള്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നത്. ബാക്കി എട്ടുകുടുംബങ്ങള്‍ വിവിധ കാരണങ്ങളാല്‍ മാറാന്‍ വിസമ്മതിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ ഇടപെട്ട് ഉന്നതിയിലെ വിവിധ പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ഉന്നതിയിലെ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാര്പ്പി ക്കാന്‍ ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നടപടികള്‍ വേഗത്തില്‍ ആകുമെന്ന് കളക്ടര്‍ ഉറപ്പുനല്കിയതിനാല് ഊരുകൂട്ടത്തിലെ വെള്ളച്ചിയുടെ കുടുംബവും പിന്നീട് മുഴുവന്‍ കുടുംബങ്ങളും മാറാന്‍ തയ്യാറാവുകയായിരുന്നു.
കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്കും സുരക്ഷിതമായബന്ധു വീടുകളിലേക്കും മാറി. കളക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറു കുടുംബങ്ങളിലെ 25 പേരാണ് നിലവില്‍ ക്യാമ്പില്‍ താമസിക്കുന്നത്.